Monday, September 04, 2006

തൊട്ടൂ തൊട്ടില്ല തൊട്ടൂ തൊട്ടില്ല...

ആന്റണി സര്‍ക്കാര്‍ ചാരായ നിരോധനം നടപ്പിലാക്കിയ സമയം. നായത്തോട്‌ നിവാസികള്‍ക്ക്‌ വിദേശമദ്യം കഴിക്കണമെങ്കില്‍ അങ്കമാലിക്ക്‌ തന്നെ പോകേണ്ടിയിരുന്നു.വെള്ളമടി കഴിഞ്ഞ്‌ വരുന്നവര്‍ക്ക്‌ അങ്കമാലിയില്‍ നിന്നും വീട്ടിലെത്താന്‍ രണ്ടു വഴികളാണ്‌ ഉണ്ടായിരുന്നത്‌.

ഒന്ന് - ഒാട്ടോ പിടിക്കുക (ഒാട്ടോയുടെ പിറകില്‍ ഇരുന്ന് കാലു രണ്ടും ഡ്രൈവറുടെ തലയുടെ ഇരുവശത്തുകൂടി ഇട്ടിട്ടുള്ള ആ ഇരിപ്പു കണ്ടാല്‍ രാജസിംഹാസനത്തില്‍ ഇരുന്ന രാവണനെ തോല്‍പ്പിക്കാന്‍ സ്വന്തം വാലു ചുരുട്ടി രാവണന്റെ സിംഹാസനത്തിലും ഉയരത്തില്‍ സിംഹാസനം ഉണ്ടാക്കി ഇരുന്ന ഹനുമാനെ ഓര്‍ത്തുപോകും.)

രണ്ട്‌ - അന്ന് അങ്കമാലിയില്‍ നിന്ന് കാലടിക്ക്‌ (നായത്തോടു വഴി) പോയിരുന്ന എ എച്ച്‌ കെ ബസില്‍ കയറുക. (ദിവസവും വാളു വക്കല്‍, തെറി വിളിക്കല്‍ ഓഫാവല്‍ തുടങ്ങിയ കലാപരിപാടികള്‍ ആ ബസില്‍ നടന്നിരുന്നതുകൊണ്ട്‌ ന്യായമായും ഞങ്ങള്‍ ആ ബസിനെ ചാണം വണ്ടി എന്നാണ്‌ വിളിച്ചിരുന്നത്‌. സ്ത്രീകളും കുട്ടികളും കഴിയുന്നതും ആ ബസ്‌ ഒഴിവാക്കുമായിരുന്നു.)

അന്നും പതിവുപോലെ വൈകീട്ട്‌ 6:50ന്‌ തന്നെ എ എച്ച്‌ കെ ബസ്‌ അങ്കമാലിയില്‍ ആനന്ദഭവന്‍ ഹോട്ടലിന്റെ മുന്‍പിലേക്ക്‌ വന്നുകൊണ്ടിരിക്കുകയായിരുന്നു. ആദ്യം കയറുന്നവര്‍ക്കേ സീറ്റുള്ളൂ എന്ന തത്വം മനസ്സിലാക്കിയിട്ടെന്നവണ്ണം അവിടെ നില്‍ക്കുകയായിരുന്ന രണ്ടു കുടിയന്മാരില്‍ ഒരാള്‍ ബസ്‌ നില്‍ക്കുന്നതിന്‌ മുന്‍പ്‌ തന്നെ ബസിലേക്ക്‌ ചാടിക്കയറി. അപ്പോഴും നിന്നിട്ടില്ലാത്ത ബസിന്റെ ചലനം കൊണ്ടാണോ അതോ അകത്തുള്ള മദ്യത്തിന്റെ ബലം കൊണ്ടാണോ എന്നറിയില്ല അയാള്‍ക്ക്‌ ബസിന്റെ വാതുക്കല്‍ തൂങ്ങി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.

കൈയും കാലും അകത്തും ബാക്കി ശരീരം പുറത്തും ആയി നില്‍ക്കുന്ന കുടിയനേയും കൊണ്ട്‌ ബസ്‌ പതിയെ മുന്നോട്ട്‌ നീങ്ങിക്കൊണ്ടിരിക്കുമ്പോളാണ്‌ അതു സംഭവിച്ചത്‌. ബസ്‌ സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ആട്ടോറിക്ഷയെ മറികടക്കുകയായിരുന്ന ബസില്‍ നിന്നും ഇത്തിക്കണ്ണി പോലെ പുറത്തേക്ക്‌ തള്ളി നിന്നിരുന്ന കുടിയന്‍ ആട്ടോറിക്ഷയോട്‌ അടുത്തുകൊണ്ടിരിക്കുകയായിരുന്നു. തന്റെ സ്നേഹിതന്‍ ആട്ടോറിക്ഷയില്‍ ചെന്ന് ഇടിക്കുമെന്ന് ഉറപ്പായപ്പോള്‍ സഹകുടിയന്റെ പ്രതികരണം ഇങ്ങനെയായിരുന്നു - തൊട്ടൂ തൊട്ടില്ല തൊട്ടൂ തൊട്ടില്ല.സഹകുടിയന്റെ നര്‍മ്മബോധം കേട്ടുനിന്നവര്‍ക്കൊന്നും ചിരിയടക്കാന്‍ കഴിഞ്ഞില്ല.

പിന്നാമ്പുറം : ആട്ടോറിക്ഷ ബസിനൊപ്പം മുന്‍പോട്ടു നീങ്ങി ബസ്സിലിടിച്ച്‌ ആട്ടോറിക്ഷയുടെ കണ്ണാടി പൊട്ടി.

2 Comments:

At 4:55 AM, Blogger Rasheed Chalil said...

ഇതാണ് കുടിച്ചാല്‍ എല്ലാം മറക്കും എന്ന് പറയുന്നത് അല്ലേ.

കുടിയെപറ്റി ആരോക്കെ എന്തൊക്കെ പാടി, പറഞ്ഞു... ഇവന്മാര്‍ക്കുണ്ടോ അതു വല്ലതും.

നന്നായിരിക്കുന്നു.

 
At 8:56 AM, Blogger Unknown said...

അഖില ലോക കുടിയന്മാര്‍ക്കും (കുടിക്കാത്ത) എന്റെ സലാം. അര്‍മ്മാദിക്കുവിന്‍! ആഹ്ലാദിക്കുവിന്‍! ജീവിതം ജീവിച്ച് തീര്‍ക്കുവിന്‍!

(ഓടോ:ഓണാശംസകള്‍ അതിനിടയ്ക്ക് ദാ വന്ന് കയറിയിരിക്കുന്നു. എടുത്ത് കളഞ്ഞേക്കാം:)
ഓണാശംസകള്‍!!

 

Post a Comment

<< Home