Thursday, January 11, 2007

ക്രിസ്തുമസ്‌ അവധിയും ഒരു ട്രയിന്‍ യാത്രയും

ക്രിസ്തുമസ്‌ അവധിക്ക്‌ ബാഗ്ലൂരില്‍ നിന്ന് നാട്ടില്‍ പോകാന്‍ ടിക്കറ്റിന്‌ വേണ്ടി അന്വേഷിക്കാവുന്ന എല്ലാ വഴിയിലൂടെയും അന്വേഷിച്ചെങ്കിലും ഫലം നിരാശയായിരുന്നു. 10 ദിവസം അവധി കിട്ടുന്നത്‌ കൊണ്ട്‌ (3 ദിവസത്തെ ലീവ്‌ ഉള്‍പ്പെടെ) പോകാതിരിക്കാനും കഴിഞ്ഞില്ല.

അങ്ങനെ ഞാന്‍ ആ കടുത്ത തീരുമാനത്തിലെത്തി - ട്രയിനിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ പോകുക. 11 മണിക്കൂര്‍ യാത്ര സീറ്റ്‌ കിട്ടുമോയെന്ന് ഒരു ഉറപ്പുമില്ല, എങ്കിലും ഞാന്‍ പോകാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച്ചയാണ്‌ പോകേണ്ടത്‌, അന്നാണെങ്കില്‍ കേരളത്തിലേക്ക്‌ രണ്ട്‌ ട്രയിനുകള്‍ ഉണ്ട്‌. ഒന്ന് വൈകീട്ട്‌ 5:15നും അടുത്തത്‌ രാത്രി 9:45നും.

ഒരുപാട്‌ കണക്കുകൂട്ടലിനു ശേഷം 5:15 ന്റെ വണ്ടിക്കുതന്നെ പോകാന്‍ തീരുമാനിച്ച്‌ 3:30 ന്‌ മജസ്റ്റിക്‌ റയില്‍വേ സ്റ്റേഷനില്‍ എത്തിപ്പെട്ടു. 1 മണിക്കൂര്‍ ക്യൂവില്‍ നിന്ന് ടിക്കറ്റെടുത്ത്‌ ട്രയിനിനടുത്ത്‌ ചെന്നപ്പോളേക്കും ജനറല്‍ കമ്പാര്‍ട്ടുമന്റ്‌ എല്ലാം തന്നെ നിറഞ്ഞു കവിഞ്ഞിരുന്നു.

5:15ന്റെ ട്രയിനില്‍ പോകാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ ഞാന്‍ എന്തായാലും നാട്ടില്‍ പോയേ അടങ്ങൂ എന്ന വാശിയില്‍ 9:45 ന്റെ ട്രയിനില്‍ പോകാന്‍ തീരുമാനിച്ച്‌ തിരിച്ചു നടന്നു. അപ്പോഴാണ്‌ എനിക്ക്‌ അത്‌ കത്തിയത്‌ - കന്യാകുമാരി എക്സ്പ്രസ്‌ രാവിലെ തന്നെ ബാഗ്ലൂരില്‍ എത്തുന്നതാണ്‌,അപ്പോള്‍ അത്‌ ഏതെങ്കിലും ട്രാക്കില്‍ കാണേണ്ടതാണ്‌. അങ്ങനെ ഞാന്‍ ട്രയിന്‍ കണ്ടുപിടിച്ചു. ആരും കാണാതെ ട്രയിനില്‍ കേറാം എന്ന് വിചാരിച്ച്‌ ചെന്നപ്പോള്‍ റയില്‍വേ പോലീസ്‌ എന്നെ ആ ഉദ്യമത്തില്‍ നിന്ന് പിന്‍തിരിപ്പിച്ചു. അങ്ങനെ നിരാശനായി ഞാന്‍ തിരികെ പ്ലാറ്റ്‌ഫോമില്‍ വന്നപ്പോള്‍ അവിടെയുണ്ട്‌ ത്രിശ്ശൂര്‍ പൂരത്തിനുള്ള ആളുകള്‍. അവിടെ നിന്നാല്‍ സീറ്റ്‌ കിട്ടില്ല എന്ന് മനസ്സിലാക്കിയ ഞാന്‍ വീണ്ടും ഒന്നു കൂടി ശ്രമിക്കാന്‍ തീരുമാനിച്ചു.

അപ്പോഴാണ്‌ ഞാന്‍ ആ കാഴ്ച കണ്ടത്‌, കുറേപേര്‍ ട്രയിനിനടുത്തേക്ക്‌ നടന്ന് പോകുന്നു. ആദ്യം ഒന്ന് സംശയിച്ചുനിന്നെങ്കിലും ഞാന്‍ അവരുടെ പിറകേ പോകാന്‍ തീരുമാനിച്ചു. അവര്‍ ചെന്നെത്തിയത്‌ ട്രയിനിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലാണ്‌. അകത്തുനിന്ന് ചെറിയ തോതില്‍ സംസാരം കേള്‍ക്കുന്നുണ്ടായിരുന്നു. ട്രയിനിലേക്ക്‌ കേറാനാഞ്ഞ എന്റെ നേര്‍ക്ക്‌ ഒരു കൈ നീണ്ടുവന്നു. എന്താണെന്ന് മനസ്സിലാകുന്നതിനുമുന്‍പ്‌ ആ കൈ എന്റെ ബാഗ്‌ വാങ്ങി ട്രയിനിലേക്ക്‌ വച്ചിട്ട്‌ എന്നെ ട്രയിനിലേക്ക്‌ പിടിച്ചുകയറ്റി.

വെളിച്ചമൊന്നുമില്ലാത്ത ട്രയിനില്‍ പകച്ചുനിന്ന എന്നോട്‌ ആ കൈയുടെ ഉടമ ചോദിച്ചു "എങ്ക പോണം" ഞാന്‍ പറഞ്ഞു എറണാകുളം. ഉടനെ അയാള്‍ എന്നോട്‌ പറഞ്ഞു സീറ്റ്‌ അയാള്‍ തരാം പക്ഷേ ഒരു സീറ്റിന്‌ 50 രൂപ കൊടുക്കണം. ഒന്നും മനസ്സിലാവാതെ നിന്ന എന്റെ ബാഗെടുത്ത്‌ അയാള്‍ ഒരു സീറ്റിനടിയില്‍ കൊണ്ടുവച്ചു. ഇതെല്ലാം അയാള്‍ തീപ്പെട്ടി കൊള്ളി കത്തിച്ച വെളിച്ചത്തിലാണ്‌ ചെയ്ത്തത്‌. കൈയിലിരുന്ന മൊബൈലിന്റെ വെളിച്ചത്തില്‍ എനിക്കുചുറ്റും ഏറെപ്പേര്‍ ഇരിക്കുന്നതായി ഞാന്‍ കണ്ടു, സംസാരത്തില്‍ നിന്നും അവരെല്ലാം മലയാളികളാണെന്നും മനസ്സിലായി.

20 രൂപ കൊടുത്‌ എനിക്ക്‌ സീറ്റ്‌ തരപ്പെടുത്തിയ ആളെ ഞാന്‍ ഒഴിവാക്കി. പലതവണയായി അയാള്‍ ഒരുപാടുപേരെ അങ്ങനെ കൊണ്ടുവന്നു. അപ്പോഴാണ്‌ എനിക്ക്‌ അയാള്‍ ഒരു ഏജന്റ്‌ ആണെന്നും ആ കമ്പാര്‍ട്ട്‌മെന്റിലുള്ള എല്ലാവര്‍ക്കും അയാള്‍ ഇതുപോലെ പൈസ വാങ്ങി സീറ്റ്‌ കൊടുത്തതാണെന്നും മനസ്സിലായത്‌. ട്രയിന്‍ യാത്ര പുറപ്പെടാന്‍ വേണ്ടി മൂനാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക്‌ എത്തിയപ്പോഴേക്കും ആ കമ്പാര്‍ട്ട്‌മന്റ്‌ നിറഞ്ഞിരുന്നു. ട്രയിന്‍ ബാഗ്ലൂരില്‍ നിന്ന് വിട്ടപ്പോഴേക്കും ആ കമ്പാര്‍ട്ട്‌മെന്റില്‍ കാലുകുത്താന്‍ പോലും സ്ഥലം ഉണ്ടായിരുന്നില്ല.ബാഗ്ലൂരില്‍ അങ്ങനെ പലതും സംഭവിക്കും എന്ന് പലരും പറഞ്ഞിട്ടുണ്ടെങ്കിലും എനിക്ക്‌ ഇത്‌ ആദ്യത്തെ അനുഭവമായിരുന്നു.

പ്രാധമിക ആവശ്യം നിര്‍വ്വഹിക്കാന്‍ പോലും സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല എന്നതൊഴിച്ചാല്‍ മറ്റു ബുദ്ധിമുട്ടുകളൊന്നും കൂടാതെ ഞാന്‍ അങ്ങനെ നാട്ടില്‍ എത്തിപ്പെട്ടു, നടുവേദന മാറാന്‍ ഒരാഴ്ച്ച എടുത്തു എന്നു മാത്രം.

Monday, November 27, 2006

ജോബ്‌ ബ്ലോഗ്‌

പ്രിയമുള്ള ബൂലോഗരേ,

നമ്മില്‍ പലരും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ ജോലി ഒഴിവുകള്‍ ബൂലോഗരെ അറിയിക്കാനുള്ള ഒരു ബ്ലോഗ്‌ തുടങ്ങിയാല്‍ എങ്ങനെയിരിക്കും ?

അഭിപ്രായങ്ങള്‍ അറിയിക്കുക.

Friday, November 10, 2006

കുംഭ ഭരണി

നായത്തോട്‌ പാലക്കാട്ടുകാവ്‌ ദേവീ ക്ഷേത്രത്തില്‍ കുംഭമാസത്തിലെ അശ്വതി, ഭരണി നാളുകള്‍ വളരെ പ്രധാനപ്പെട്ടതാണ്‌. അന്നത്തെ പ്രധാന പരിപാടികള്‍ കാവടിയും മുടിയേറ്റുമാണ്‌. മുടിയേറ്റ്‌ രാത്രി തുടങ്ങി നേരം വെളുക്കുവോളം നീണ്ടുനില്‍ക്കും.

ദാരുകനും കാളിയും തമ്മിലുള്ള പോരാണ്‌ മുടിയേറ്റിന്റെ പൊരുള്‍ കൂട്ടത്തില്‍ ഇവരെ തമ്മില്‍ വഴക്കടിപ്പിക്കാന്‍ പൂതംകുറ്റി എന്നൊരു കഥാപാത്രവുമുണ്ടാകും. പൂതംകുറ്റി മുടിയേറ്റിനിടക്ക്‌ കാണികളുടെ ഇടയിലേക്ക്‌ ഒാടിവന്ന് കുട്ടികളെ എടുത്തുകൊണ്ട്‌ പോയി പറമ്പിന്റെ മറ്റ്‌ ഏതെങ്കിലും മൂലക്ക്‌ വച്ചിട്ട്‌ പോകും. അതുകൊണ്ടുതന്നെ ഈ പൂതംകുറ്റിയെ പേടിച്ചിട്ട്‌ ഒറ്റ കുട്ടിപോലും മുടിയേറ്റ്‌ കാണാന്‍ താഴെ ഇരിക്കുകയില്ല, എല്ലാവരും ഒാടാന്‍ തയ്യാറായി നില്‍ക്കും.

വളരെ രസകരമായ ഈ മുടിയേറ്റ്‌ കാണുവാന്‍ നാട്ടിലെ ആബാലവൃ ദ്ധം ജനങ്ങളും പോകുമായിരുന്നു. ഒട്ടുമിക്ക ആളുകളും പോകുന്നത്‌ മുടിയേറ്റ്‌ കാണാനൊന്നുമായിരുന്നില്ല, മറിച്ച്‌ അവിടെ വരുന്ന ആളുകളെ കാണാനും അവരോട്‌ വിശേഷങ്ങള്‍ പറയാനുമായിരുന്നു. മുടിയേറ്റ്‌ കാണാന്‍ പോകുന്നവര്‍ കൈയില്‍ ഒരു പായയോ കുറച്ച്‌ പേപ്പറോ കരുതുമായിരുന്നു. നാട്ടുവിശേഷവും വീട്ടുവിശേഷവും പറഞ്ഞു ക്ഷീണിച്ചാല്‍ കിടന്ന് ഉറങ്ങാന്‍ വേണ്ടിയായിരുന്നു അത്‌.

അങ്ങനെ ആവര്‍ഷവും ഭരണിനാളിലെ മുടിയേറ്റ്‌ കാണാന്‍ ഞാനും എന്റെ ഒരു കൂട്ടുകാരനും കൂടി പോയി.

അങ്ങനെ കാളിയും ദാരുകനും തമ്മിലുള്ള യുദ്ധം മുറുകി. കാളി ദാരുകനെ ഒാടിച്ചുകൊണ്ട്‌ കാണികളുടെ ഇടയിലേക്ക്‌ വന്നു. ആ സമയത്ത്‌ ഏകദേശം 30-35 വയസ്സുള്ള ഒരാള്‍ ഒരു പായയും വിരിച്ച്‌ ദീപശിഖയും കൊണ്ട്‌ ഒാടുന്നവന്‍ ഓട്ടത്തിനിടക്ക്‌ ഉറങ്ങിപ്പോയാല്‍ എങ്ങനെ ഇരിക്കുമോ അതുപോലെ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. നടുക്ക്‌ വരവരച്ചിട്ട്‌ അതിന്റെ അപ്പുറവും ഇപ്പുറവും നിന്ന് വടം വലിക്കാന്‍ നില്‍ക്കുന്നവരേപ്പോലെ കാളിയും ദാരുകനും നല്ലൊരു നാളെയെ സ്വപ്നം കണ്ട്‌ കിടന്ന് ഉറങ്ങുന്ന ആ യുവാവിന്റെ ഇടവും വലവും നിന്ന് യുദ്ധം തുടങ്ങി.

അപ്പോഴേക്കും ഉറങ്ങുന്നയാളുടെ ചുറ്റിലും ഇരുന്നിരുന്നവരെല്ലാം തന്നെ ഒാടിമാറിയിരുന്നു. യുദ്ധം മുറുകിയപ്പോള്‍ കാളി ഡോള്‍ബീ ഡിജിറ്റല്‍നെ വെല്ലുന്ന രീതിയില്‍ യീീീീഹാഹാഹാ #!$^&#@#*&^ എന്ന ശബ്ദം പുറപ്പെടുവിച്ചുകൊണ്ട്‌ ദാരുകനെ ആഞ്ഞുവെട്ടി. തന്റെ ഉറക്കത്തിന്‌ തടസ്സം നേരിട്ടതിനാല്‍ കണ്ണ്‍ തുറന്ന യുവാവ്‌ ഈ രംഗം കാണുകയും ഒന്നും മനസ്സിലാവാതെ വീണ്ടും കണ്ണടക്കുകയും ചെയ്തു. കണ്ട കാഴ്ച ഒന്നുകൂടി റീ വൈന്റ്‌ അടിച്ച്‌ കണ്ടിട്ട്‌ , ജീവിച്ച്‌ കൊതി തീരാത്ത തന്നെ കൊണ്ടുപോകാന്‍ കാലന്‍ കാളിയുടെ രൂപത്തില്‍ കയറിനു പകരം വാളുംകൊണ്ട്‌ വന്നതാണോയെന്നോര്‍ത്ത്‌ നിലവിളിച്ചികൊണ്ട്‌ കിടന്നിടത്തുനിന്ന് എഴുന്നേറ്റ്‌ ഒാടി.

പോകുന്ന പോക്കില്‍ മുടിയേറ്റ്‌ കാണാന്‍ നിന്ന് രണ്ടു പേരേക്കൂടി തട്ടിയിടാന്‍ അയാള്‍ മറന്നില്ല.

Thursday, November 09, 2006

രാജവെമ്പാല - എന്റെ അന്വേഷണങ്ങള്‍

രാജവെമ്പാല - എന്റെ അന്വേഷണങ്ങള്‍

കിംഗ്‌ കോബ്രാ അധവാ രാജവെമ്പാല എന്ന എന്റെ പോസ്റ്റിന്‌ ഇവിടെ കമന്റിയ ശ്രീജിത്ത്‌, കുട്ടമ്മേനോന്‍, ഇത്തിരിവെട്ടം, വേണു, സിജു, ഇടിവാള്‍, കുറുക്കനതുല്യ, കുറുമാന്‍, അഗ്രജന്‍, വിശാലേട്ടന്‍, പെരിങ്ങോടന്‍, ഉത്സവം, കലേഷ്‌, പീലിക്കുട്ടി, സു ചേച്ചി, അനില്‍ എന്നിവര്‍ക്ക്‌ ഞാന്‍ ആദ്യമായി നന്ദി പറയട്ടെ.

നിങ്ങളുടെ എല്ലാവരുറ്റേയും സംശയപ്രകാരം ഞാന്‍ ഈ പ്രശ്നക്കാരനായ രാജവെമ്പാലയേക്കുറിച്ചും, പാമ്പിനെ സിമന്റ്‌ ചട്ടി പോലെ എടുത്തു പിടിച്ചിരിക്കുന്ന കൃഷ്ണ ഘുലേയേക്കുറിച്ചും കാര്യമായി തന്നെ അന്വേഷിച്ചു.

ചോ 1: ഇത്‌ രാജവെമ്പാല തന്നെ ആണോ, വെളുത്ത രാജവെമ്പാലയുമുണ്ടോ?, ഇത്‌ മലമ്പാമ്പ്‌ അല്ലേ ?

ഉ : ഇത്‌ രാജവെമ്പാല തന്നെ ആണ്‌. സംശയം ഉണ്ടെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന പടത്തില്‍ നോക്കൂ അതില്‍ വെളുത്ത രാജവെമ്പാലയുമുണ്ട്‌.
















ചൊ 2: പോസ്റ്റില്‍ ഇട്ടിരുന്ന പടം ശരിക്കുള്ളത്‌ തന്നെയാണോ ?

ഉ: അത്‌ എനിക്ക്‌ ഇതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഈ പടം ഞാന്‍ ഇയാന്‍ സിംസന്‌ ഇ-മെയില്‍ ചെയ്തിട്ട്‌ അഭിപ്രായം ചോദിച്ചിരിന്നു. അതിനുകിട്ടിയ മറുപടി താഴെ കൊടുത്തിരിക്കുന്നു. (ഇയാന്‍ ആരാണെന്ന് ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നു.)


We get enough bites without other idiots trying to copy what they see. All the King Cobra bites I have dealt with have occurred in situations such as the one in the photo.

It could be genuine, but thats not the point! Its easy to find an idiot to pick up snakes!! India has loads of them and they are all grandstandes with little or no knowledge. King Cobras grow to 5 meters and could easily weigh that much.

King Cobra venom is the least toxic of the venomous snakes in India.

Best Regards
Ian


ശ്‌ശ്‌ശ്‌ശ്‌.....

ഈശ്വരാാാ.....
ഒരു പാമ്പിന്റെ ചീറ്റലല്ലേ ആ കേള്‍ക്കുന്നത്‌ ? ഇന്ന് ഞാന്‍ കിടന്ന് ഉറങ്ങുമെന്ന് തോന്നുന്നില്ല!!!

Wednesday, November 08, 2006

കിംഗ്‌ കോബ്രാ അധവാ രാജവെമ്പാല

കൃഷ്ണ ഘുലേ, 16 കിലോ തൂക്കവും 12 അടി 3" നീളവുമുള്ള രാജവെമ്പാലയുമായി - ഗോവയില്‍ നിന്നും.

കടപ്പാട്‌ : ഇ-മെയില്‍


കേരളത്തിലുള്ള വിവിധയിനം പാമ്പുകളേയും, പാമ്പുകളെ തിരിച്ചറിയുന്ന വിധവും, പാമ്പ്‌ കടിച്ചാല്‍ എന്തു ചെയ്യണമെന്നുമുള്ള വിവരങ്ങള്‍ ഇവിടെ.

പാമ്പുകടി ചികല്‍സയില്‍ ഗവേഷണം നടത്തുന്ന അങ്കമാലിയിലെ ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയും ലോക ആരോഗ്യസംഖടനയുടെ പാമ്പുകടി ചികല്‍സാ ഗവേഷണ വിഭാഗത്തിലെ അംഗവുമായ ഇയാന്‍ ഡി സിംസന്റേയും ശ്രമഫലമാണ്‌ ഈ സംരംഭം.

Thursday, October 19, 2006

ഇടിയപ്പം ≈ ചപ്പാത്തി

ഇന്ന് രാവിലെ എന്റെ മാതാപിതാക്കള്‍ നാട്ടില്‍ നിന്നും വന്നു. രാവിലെ ചായക്ക്‌ പുട്ടും കടലയും ഉണ്ടാക്കാനാണ്‌ തീരുമാനിച്ചതെങ്കിലും അമ്മക്ക്‌ ഇടിയപ്പം ഇഷ്ടമാണ്‌ എന്നറിഞ്ഞതോടെ എന്റെ ഭാര്യ അമ്മായിയമ്മയെ കൈയ്യിലെടുക്കാന്‍ ആ മെനുവിനെ നിഷ്‌ക്കരുണം മാറ്റി ഇടിയപ്പവും കടലയുമാക്കി. എന്തായാലും തിന്നാന്‍ കിട്ടിയാല്‍ മതിയെന്ന പോളിസിയുള്ള ഞാന്‍ എതിരഭിപ്രായമൊന്നും പറയാന്‍ പോയില്ല.

അടുക്കളയില്‍ നിന്നും ഭാര്യയുടെ കുട്ടേട്ടാ ഇത്‌ ശരിയാകുന്നില്ല, ഒന്നിങ്ങു വന്നേ എന്ന വിളി കേട്ടിട്ടാണ്‌ ഞാന്‍ ബ്ലോഗ്‌ വായന നിര്‍ത്തി എഴുന്നേറ്റ്‌ അടുക്കളയിലേക്ക്‌ പോയത്‌. ഇടിയപ്പം ഉണ്ടാക്കുന്ന ഇടിയപ്പം പ്രസ്സ്‌ (ഇവിടെ) എത്ര അമര്‍ത്തിയിട്ടും അത്‌ അനങ്ങുന്നുണ്ടായിരുന്നില്ല. മാതാപിതാക്കളും ഭാര്യയുമടങ്ങുന്ന മൂവര്‍ സംഘത്തിനു മുന്‍പില്‍ എന്റെ ശക്തി തെളിയിക്കാന്‍ പറ്റിയ സമയം, ഞാന്‍ കൈയിലെ മസിലൊക്കെയൊന്ന് പെരുപ്പിച്ച്‌ ഇടിയപ്പം പ്രസ്സ്‌ കൈയില്‍ എടുത്തു. ഞാന്‍ പ്രയോഗിച്ച ശക്തിയുടെ ഫലമായി എന്റെ കണ്ണുകള്‍ പുറത്തോട്ട്‌ തള്ളിവന്നു, ശരീരമാകെ വിയര്‍ത്തു. എന്റെ ശക്തിയില്‍ പൂര്‍ണ്ണമായും വിശ്വാസമുണ്ടായിരുന്ന ഞാന്‍ ഉറപ്പിച്ചു, ഇന്നലെ ഉറക്കത്തില്‍ എന്നെ കൊതുക്‌ കടിച്ചതുകൊണ്ട്‌ എനിക്ക്‌ ചിക്കന്‍ ഗുനിയ പിടിപെട്ടെന്നും അതുകൊണ്ടാണ്‌ എന്നിലെ ശക്തി മുഴുവന്‍ ചോര്‍ന്ന് പോയതെന്നും. ഞാന്‍ പ്രയോഗിച്ച ശക്തി കൊണ്ട്‌ അപ്പോഴേക്കും ഇടിയപ്പ തട്ടിലെ കുറച്ച്‌ ഭാഗം നിറക്കുവാന്‍ എനിക്ക്‌ സാധിച്ചിരുന്നു.

ചുരുങ്ങിയത്‌ ഒരാഴ്ച്ക്കെങ്കിലും ജോലിക്ക്‌ പോകാതിരിക്കാം എന്നോര്‍ത്ത്‌ കണ്ണ്‍ തള്ളിയ ഞാന്‍ തള്ളിയ കണ്ണ്‍ ഉള്ളിലേക്ക്‌ ഇട്ടുകൊണ്ട്‌ ഇടിയപ്പ തട്ടിലേക്ക്‌ നോക്കിയപ്പൊള്‍ നേരിയ ഒരു നിറവ്യത്യാസം കണ്ടു. ഭാര്യയോട്‌ നീ അരിപ്പൊടി തന്നെയല്ലേ എടുത്തത്‌ എന്ന് ചോദിച്ചപ്പോള്‍, അവള്‍ക്കും ആ ചോദ്യം ന്യായമാണെന്ന് തോന്നി. മാവ്‌ കുഴച്ചപ്പോള്‍ പതിവിലധികം പശിമ തോന്നിയെന്നും അവള്‍ പറഞ്ഞു, പക്ഷേ എടുത്തത്‌ അരിപ്പൊടിയാണെന്നുള്ള വാദത്തില്‍ അവള്‍ ഉറച്ചു നിന്നു. സംശയനിവാരണത്തിന്‌ അരിപ്പൊടിയെടുത്ത ഞാന്‍ ഞെട്ടിപ്പോയി, കവറിനു പുറത്ത്‌ വളരെ ശക്തവും വ്യക്തവുമായി എഴുതി ഒട്ടിച്ചിരിക്കുന്നു മൈദ, 1 കെ ജി.

എന്റെ മുഖത്തെ ഞെട്ടലില്‍ നിന്ന് എന്തോ പന്തികേട്‌ തോന്നിയ ഭാര്യ കവറില്‍ എഴുതിയിരിക്കുന്നത്‌ വായിച്ചിട്ട്‌ ക്രോണിക്‌ ബാച്ചിലര്‍ എന്ന സിനിമയില്‍ ഹരിശ്രീ അശോകന്‍ പുട്ട്‌ ഉണ്ടാക്കാനായി പുട്ടുകണയില്‍ ചില്ലിടാതെ പുട്ടുപൊടി വാരിയിട്ട്‌ തീര്‍ന്നപ്പോള്‍ കാലിയായ പുട്ടുകണ കണ്ടിട്ട്‌ മുകേഷിനോട്‌ "ശ്രീക്കുട്ടാ നിനക്ക്‌ പുട്ട്‌ തന്നെ വേണമെന്നുണ്ടോ? ഉപ്പുമാവായാലും പോരേ" എന്ന് ചോദിച്ച പോലെ കുട്ടേട്ടാ ഇടിയപ്പം തന്നെ വേണമെന്നുണ്ടോ? ചപ്പാത്തിയായാലും പോരേ എന്ന് ചോദിച്ചു പോയി.

അങ്ങനെ ഇടിയപ്പത്തിന്‌ കുഴച്ച മാവ്‌ കൊണ്ട്‌ എങ്ങിനെ ചപ്പാത്തി ഉണ്ടാക്കാമെന്നും, ചപ്പാത്തിക്ക്‌ കടലക്കറി എങ്ങിനെ കോമ്പിനേഷന്‍ ആകുമെന്നും ഞങ്ങള്‍ കണ്ടുപിടിച്ചു.

Tuesday, October 17, 2006

ബൂലോഗ കുടിയന്മാരേ നിങ്ങള്‍ക്കായി..

ക്ലാസ്‌ മേറ്റിലെ 'എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ' എന്ന ഗാനത്തിന്റെ ഈണം

എന്റെ റൂമിലെ സോഡയാണു നീ നല്ല പാട്ടുകാരാ,
പെഗ്ഗൊഴിച്ചു ഞാന്‍ കാത്തു വച്ചൊരെന്‍ ചില്ലു ഗ്ലാസിലൂറും ലിക്വറൊന്നു വേണ്ടേ...
ലിക്വറൊന്നു വേണ്ടേ.. നല്ല വീശുകാരാ..റമ്മിന്റെ കൂട്ടുകാരാ
നിന്റെ ഗ്ലാസിലെ 100 മില്ലിയില്‍ ...
നിന്റെ ഗ്ലാസിലെ 100 മില്ലിയില്‍ ഐസു കട്ടയാവാം
നിന്റെ കൈയിലെ പെഗ്ഗു തീരുമ്പോള്‍ വീണ്ടും ഫിക്സു ചെയ്യാം
രണ്ടു ഫുള്ളുകള്‍ തീര്‍ന്നെടാ, ഇനി ബാറിലൊന്നൂടെ പോകണം
രണ്ടു ഫുള്ളുകള്‍ തീര്‍ന്നെടാ, ഇനി ബാറിലൊന്നൂടെ പോകണം
നിന്റെ കീശേലെ കാശുകൊണ്ടു ഞാന്‍ നിന്നെ കുടിയനാക്കും....(എന്റെ റൂമിലെ)

തൊട്ടുകൂട്ടുവാനുള്ള പിക്കിളും...
തൊട്ടുകൂട്ടുവാനുള്ള പിക്കിളും ചിപ്സും എന്ന പോലേ
തൊട്ടടുത്തു ഞാന്‍ നിന്നുവെങ്കിലും വീശുകില്ല മോനേ
അടിച്ചു വീലായി കിടക്കുവാന്‍, നല്ല വാളൊന്നു വക്കുവാന്‍
അടിച്ചു വീലായി കിടക്കുവാന്‍, നല്ല വാളൊന്നു വക്കുവാന്‍
എത്ര വേണേലും വാങ്ങി തന്നിടാം എല്ലാം നിനക്കു വേണ്ടി....(എന്റെ റൂമിലെ)