Thursday, October 19, 2006

ഇടിയപ്പം ≈ ചപ്പാത്തി

ഇന്ന് രാവിലെ എന്റെ മാതാപിതാക്കള്‍ നാട്ടില്‍ നിന്നും വന്നു. രാവിലെ ചായക്ക്‌ പുട്ടും കടലയും ഉണ്ടാക്കാനാണ്‌ തീരുമാനിച്ചതെങ്കിലും അമ്മക്ക്‌ ഇടിയപ്പം ഇഷ്ടമാണ്‌ എന്നറിഞ്ഞതോടെ എന്റെ ഭാര്യ അമ്മായിയമ്മയെ കൈയ്യിലെടുക്കാന്‍ ആ മെനുവിനെ നിഷ്‌ക്കരുണം മാറ്റി ഇടിയപ്പവും കടലയുമാക്കി. എന്തായാലും തിന്നാന്‍ കിട്ടിയാല്‍ മതിയെന്ന പോളിസിയുള്ള ഞാന്‍ എതിരഭിപ്രായമൊന്നും പറയാന്‍ പോയില്ല.

അടുക്കളയില്‍ നിന്നും ഭാര്യയുടെ കുട്ടേട്ടാ ഇത്‌ ശരിയാകുന്നില്ല, ഒന്നിങ്ങു വന്നേ എന്ന വിളി കേട്ടിട്ടാണ്‌ ഞാന്‍ ബ്ലോഗ്‌ വായന നിര്‍ത്തി എഴുന്നേറ്റ്‌ അടുക്കളയിലേക്ക്‌ പോയത്‌. ഇടിയപ്പം ഉണ്ടാക്കുന്ന ഇടിയപ്പം പ്രസ്സ്‌ (ഇവിടെ) എത്ര അമര്‍ത്തിയിട്ടും അത്‌ അനങ്ങുന്നുണ്ടായിരുന്നില്ല. മാതാപിതാക്കളും ഭാര്യയുമടങ്ങുന്ന മൂവര്‍ സംഘത്തിനു മുന്‍പില്‍ എന്റെ ശക്തി തെളിയിക്കാന്‍ പറ്റിയ സമയം, ഞാന്‍ കൈയിലെ മസിലൊക്കെയൊന്ന് പെരുപ്പിച്ച്‌ ഇടിയപ്പം പ്രസ്സ്‌ കൈയില്‍ എടുത്തു. ഞാന്‍ പ്രയോഗിച്ച ശക്തിയുടെ ഫലമായി എന്റെ കണ്ണുകള്‍ പുറത്തോട്ട്‌ തള്ളിവന്നു, ശരീരമാകെ വിയര്‍ത്തു. എന്റെ ശക്തിയില്‍ പൂര്‍ണ്ണമായും വിശ്വാസമുണ്ടായിരുന്ന ഞാന്‍ ഉറപ്പിച്ചു, ഇന്നലെ ഉറക്കത്തില്‍ എന്നെ കൊതുക്‌ കടിച്ചതുകൊണ്ട്‌ എനിക്ക്‌ ചിക്കന്‍ ഗുനിയ പിടിപെട്ടെന്നും അതുകൊണ്ടാണ്‌ എന്നിലെ ശക്തി മുഴുവന്‍ ചോര്‍ന്ന് പോയതെന്നും. ഞാന്‍ പ്രയോഗിച്ച ശക്തി കൊണ്ട്‌ അപ്പോഴേക്കും ഇടിയപ്പ തട്ടിലെ കുറച്ച്‌ ഭാഗം നിറക്കുവാന്‍ എനിക്ക്‌ സാധിച്ചിരുന്നു.

ചുരുങ്ങിയത്‌ ഒരാഴ്ച്ക്കെങ്കിലും ജോലിക്ക്‌ പോകാതിരിക്കാം എന്നോര്‍ത്ത്‌ കണ്ണ്‍ തള്ളിയ ഞാന്‍ തള്ളിയ കണ്ണ്‍ ഉള്ളിലേക്ക്‌ ഇട്ടുകൊണ്ട്‌ ഇടിയപ്പ തട്ടിലേക്ക്‌ നോക്കിയപ്പൊള്‍ നേരിയ ഒരു നിറവ്യത്യാസം കണ്ടു. ഭാര്യയോട്‌ നീ അരിപ്പൊടി തന്നെയല്ലേ എടുത്തത്‌ എന്ന് ചോദിച്ചപ്പോള്‍, അവള്‍ക്കും ആ ചോദ്യം ന്യായമാണെന്ന് തോന്നി. മാവ്‌ കുഴച്ചപ്പോള്‍ പതിവിലധികം പശിമ തോന്നിയെന്നും അവള്‍ പറഞ്ഞു, പക്ഷേ എടുത്തത്‌ അരിപ്പൊടിയാണെന്നുള്ള വാദത്തില്‍ അവള്‍ ഉറച്ചു നിന്നു. സംശയനിവാരണത്തിന്‌ അരിപ്പൊടിയെടുത്ത ഞാന്‍ ഞെട്ടിപ്പോയി, കവറിനു പുറത്ത്‌ വളരെ ശക്തവും വ്യക്തവുമായി എഴുതി ഒട്ടിച്ചിരിക്കുന്നു മൈദ, 1 കെ ജി.

എന്റെ മുഖത്തെ ഞെട്ടലില്‍ നിന്ന് എന്തോ പന്തികേട്‌ തോന്നിയ ഭാര്യ കവറില്‍ എഴുതിയിരിക്കുന്നത്‌ വായിച്ചിട്ട്‌ ക്രോണിക്‌ ബാച്ചിലര്‍ എന്ന സിനിമയില്‍ ഹരിശ്രീ അശോകന്‍ പുട്ട്‌ ഉണ്ടാക്കാനായി പുട്ടുകണയില്‍ ചില്ലിടാതെ പുട്ടുപൊടി വാരിയിട്ട്‌ തീര്‍ന്നപ്പോള്‍ കാലിയായ പുട്ടുകണ കണ്ടിട്ട്‌ മുകേഷിനോട്‌ "ശ്രീക്കുട്ടാ നിനക്ക്‌ പുട്ട്‌ തന്നെ വേണമെന്നുണ്ടോ? ഉപ്പുമാവായാലും പോരേ" എന്ന് ചോദിച്ച പോലെ കുട്ടേട്ടാ ഇടിയപ്പം തന്നെ വേണമെന്നുണ്ടോ? ചപ്പാത്തിയായാലും പോരേ എന്ന് ചോദിച്ചു പോയി.

അങ്ങനെ ഇടിയപ്പത്തിന്‌ കുഴച്ച മാവ്‌ കൊണ്ട്‌ എങ്ങിനെ ചപ്പാത്തി ഉണ്ടാക്കാമെന്നും, ചപ്പാത്തിക്ക്‌ കടലക്കറി എങ്ങിനെ കോമ്പിനേഷന്‍ ആകുമെന്നും ഞങ്ങള്‍ കണ്ടുപിടിച്ചു.

9 Comments:

At 12:59 AM, Blogger കുട്ടേട്ടന്‍ : kuttettan said...

എല്ലാ ബൂലോഗര്‍ക്കും എന്റെ ദീപാവലി ആശംസകള്‍.

 
At 1:44 AM, Blogger സൂര്യോദയം said...

കുട്ടേട്ടാ... തകര്‍പ്പന്‍ :-)

 
At 1:58 AM, Blogger ലിഡിയ said...

എന്നാലും ഇത്ര understanding ഭര്‍ത്താവിനെ കിട്ടിയതിനാല്‍ കളത്രം രക്ഷപെട്ടു.ഇപ്പോഴും അമ്മായീം മോളും നല്ല വശം തന്നെയാ??

-പാര്‍വതി.

 
At 2:07 AM, Blogger കുട്ടേട്ടന്‍ : kuttettan said...

പാര്‍വതി, അമ്മായീം മോളും ഇപ്പൊളും ഒറ്റക്കെട്ടാണ്‌. മോളുണ്ടാക്കിയ ചപ്പാത്തിയുടെ സോഫ്റ്റ്‌നെസിനെക്കുറിച്ച്‌ വര്‍ണ്ണിക്കാനേ അമ്മായിക്ക്‌ നേരം ഉള്ളൂ

 
At 2:10 AM, Blogger വാളൂരാന്‍ said...

കുട്ടേട്ടാ ഇങ്ങിനെയുള്ള കാര്യങ്ങള്‍ പറ്റുന്നത്‌ ഇവിടെ പതിവാണെന്നേ.... മിനിയാന്ന്‌ സുധാകരന്‍ സബോള അരിഞ്ഞ്‌ ബജി പോലെയുണ്ടാക്കാനായി കടലമാവു ചേര്‍ത്തു കുഴച്ചു, വെള്ളം പോരാന്നു തോന്നി കുറേ വെള്ളം ചേര്‍ത്തു. അപ്പോള്‍ വെള്ളം മാത്രമായി, എങ്ങിനെ എണ്ണയിലിട്ടു വറുക്കും? പിന്നെ വീന്ദും കടലമാവുചേര്‍ത്തു. അപ്പോ ഭയങ്കര ഡ്രൈ ആയി, വീണ്ടും വെള്ളം. അവസാനം ഒരു ഐറ്റം കഴിഞ്ഞു - കടലമാവ്‌, വെള്ളം അപ്പോഴും ഉണ്ടായിരുന്നു പൈപ്പില്‍. പിന്നെ നജീമിക്ക വന്നു അല്‍പം മൈദകൂടി കൊട്ടി ശരിയാക്കിയേപ്പിന്നെയാണ്‌ സംഭവം വറുത്തത്‌.
കുട്ടേട്ടാ... നല്ല വിവരണം....

 
At 8:34 PM, Blogger P Das said...

:)

 
At 12:47 AM, Blogger Sreejith K. said...

ഹ ഹ. അതസ്സലായി. നല്ല വിവരണവും. ചപ്പാത്തിക്ക് കടലക്കറി നല്ല ഗോമ്പിനേഷനാണെന്ന് കണ്ടു പിടിച്ചതിന് പേറ്റന്റിന് അപേക്ഷിച്ചോളൂ

 
At 1:08 AM, Blogger പുള്ളി said...

മൈദയായിരുന്നൂല്ലേ.. എന്നാല്‍പ്പിന്നെ വിശാലന്റെ കഥയിലെപോലെ ഒരു പൊറോട്ട നിര്‍മ്മാണം നടത്തായിരുന്നില്ലേ?

 
At 6:54 AM, Blogger neermathalam said...

ഗലക്കി ഗല ഗലക്കി...
ചിരിച്ചു ചത്ത് പോയേനെ.ഞാന്‍..

 

Post a Comment

<< Home