Thursday, January 11, 2007

ക്രിസ്തുമസ്‌ അവധിയും ഒരു ട്രയിന്‍ യാത്രയും

ക്രിസ്തുമസ്‌ അവധിക്ക്‌ ബാഗ്ലൂരില്‍ നിന്ന് നാട്ടില്‍ പോകാന്‍ ടിക്കറ്റിന്‌ വേണ്ടി അന്വേഷിക്കാവുന്ന എല്ലാ വഴിയിലൂടെയും അന്വേഷിച്ചെങ്കിലും ഫലം നിരാശയായിരുന്നു. 10 ദിവസം അവധി കിട്ടുന്നത്‌ കൊണ്ട്‌ (3 ദിവസത്തെ ലീവ്‌ ഉള്‍പ്പെടെ) പോകാതിരിക്കാനും കഴിഞ്ഞില്ല.

അങ്ങനെ ഞാന്‍ ആ കടുത്ത തീരുമാനത്തിലെത്തി - ട്രയിനിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ പോകുക. 11 മണിക്കൂര്‍ യാത്ര സീറ്റ്‌ കിട്ടുമോയെന്ന് ഒരു ഉറപ്പുമില്ല, എങ്കിലും ഞാന്‍ പോകാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച്ചയാണ്‌ പോകേണ്ടത്‌, അന്നാണെങ്കില്‍ കേരളത്തിലേക്ക്‌ രണ്ട്‌ ട്രയിനുകള്‍ ഉണ്ട്‌. ഒന്ന് വൈകീട്ട്‌ 5:15നും അടുത്തത്‌ രാത്രി 9:45നും.

ഒരുപാട്‌ കണക്കുകൂട്ടലിനു ശേഷം 5:15 ന്റെ വണ്ടിക്കുതന്നെ പോകാന്‍ തീരുമാനിച്ച്‌ 3:30 ന്‌ മജസ്റ്റിക്‌ റയില്‍വേ സ്റ്റേഷനില്‍ എത്തിപ്പെട്ടു. 1 മണിക്കൂര്‍ ക്യൂവില്‍ നിന്ന് ടിക്കറ്റെടുത്ത്‌ ട്രയിനിനടുത്ത്‌ ചെന്നപ്പോളേക്കും ജനറല്‍ കമ്പാര്‍ട്ടുമന്റ്‌ എല്ലാം തന്നെ നിറഞ്ഞു കവിഞ്ഞിരുന്നു.

5:15ന്റെ ട്രയിനില്‍ പോകാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ ഞാന്‍ എന്തായാലും നാട്ടില്‍ പോയേ അടങ്ങൂ എന്ന വാശിയില്‍ 9:45 ന്റെ ട്രയിനില്‍ പോകാന്‍ തീരുമാനിച്ച്‌ തിരിച്ചു നടന്നു. അപ്പോഴാണ്‌ എനിക്ക്‌ അത്‌ കത്തിയത്‌ - കന്യാകുമാരി എക്സ്പ്രസ്‌ രാവിലെ തന്നെ ബാഗ്ലൂരില്‍ എത്തുന്നതാണ്‌,അപ്പോള്‍ അത്‌ ഏതെങ്കിലും ട്രാക്കില്‍ കാണേണ്ടതാണ്‌. അങ്ങനെ ഞാന്‍ ട്രയിന്‍ കണ്ടുപിടിച്ചു. ആരും കാണാതെ ട്രയിനില്‍ കേറാം എന്ന് വിചാരിച്ച്‌ ചെന്നപ്പോള്‍ റയില്‍വേ പോലീസ്‌ എന്നെ ആ ഉദ്യമത്തില്‍ നിന്ന് പിന്‍തിരിപ്പിച്ചു. അങ്ങനെ നിരാശനായി ഞാന്‍ തിരികെ പ്ലാറ്റ്‌ഫോമില്‍ വന്നപ്പോള്‍ അവിടെയുണ്ട്‌ ത്രിശ്ശൂര്‍ പൂരത്തിനുള്ള ആളുകള്‍. അവിടെ നിന്നാല്‍ സീറ്റ്‌ കിട്ടില്ല എന്ന് മനസ്സിലാക്കിയ ഞാന്‍ വീണ്ടും ഒന്നു കൂടി ശ്രമിക്കാന്‍ തീരുമാനിച്ചു.

അപ്പോഴാണ്‌ ഞാന്‍ ആ കാഴ്ച കണ്ടത്‌, കുറേപേര്‍ ട്രയിനിനടുത്തേക്ക്‌ നടന്ന് പോകുന്നു. ആദ്യം ഒന്ന് സംശയിച്ചുനിന്നെങ്കിലും ഞാന്‍ അവരുടെ പിറകേ പോകാന്‍ തീരുമാനിച്ചു. അവര്‍ ചെന്നെത്തിയത്‌ ട്രയിനിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലാണ്‌. അകത്തുനിന്ന് ചെറിയ തോതില്‍ സംസാരം കേള്‍ക്കുന്നുണ്ടായിരുന്നു. ട്രയിനിലേക്ക്‌ കേറാനാഞ്ഞ എന്റെ നേര്‍ക്ക്‌ ഒരു കൈ നീണ്ടുവന്നു. എന്താണെന്ന് മനസ്സിലാകുന്നതിനുമുന്‍പ്‌ ആ കൈ എന്റെ ബാഗ്‌ വാങ്ങി ട്രയിനിലേക്ക്‌ വച്ചിട്ട്‌ എന്നെ ട്രയിനിലേക്ക്‌ പിടിച്ചുകയറ്റി.

വെളിച്ചമൊന്നുമില്ലാത്ത ട്രയിനില്‍ പകച്ചുനിന്ന എന്നോട്‌ ആ കൈയുടെ ഉടമ ചോദിച്ചു "എങ്ക പോണം" ഞാന്‍ പറഞ്ഞു എറണാകുളം. ഉടനെ അയാള്‍ എന്നോട്‌ പറഞ്ഞു സീറ്റ്‌ അയാള്‍ തരാം പക്ഷേ ഒരു സീറ്റിന്‌ 50 രൂപ കൊടുക്കണം. ഒന്നും മനസ്സിലാവാതെ നിന്ന എന്റെ ബാഗെടുത്ത്‌ അയാള്‍ ഒരു സീറ്റിനടിയില്‍ കൊണ്ടുവച്ചു. ഇതെല്ലാം അയാള്‍ തീപ്പെട്ടി കൊള്ളി കത്തിച്ച വെളിച്ചത്തിലാണ്‌ ചെയ്ത്തത്‌. കൈയിലിരുന്ന മൊബൈലിന്റെ വെളിച്ചത്തില്‍ എനിക്കുചുറ്റും ഏറെപ്പേര്‍ ഇരിക്കുന്നതായി ഞാന്‍ കണ്ടു, സംസാരത്തില്‍ നിന്നും അവരെല്ലാം മലയാളികളാണെന്നും മനസ്സിലായി.

20 രൂപ കൊടുത്‌ എനിക്ക്‌ സീറ്റ്‌ തരപ്പെടുത്തിയ ആളെ ഞാന്‍ ഒഴിവാക്കി. പലതവണയായി അയാള്‍ ഒരുപാടുപേരെ അങ്ങനെ കൊണ്ടുവന്നു. അപ്പോഴാണ്‌ എനിക്ക്‌ അയാള്‍ ഒരു ഏജന്റ്‌ ആണെന്നും ആ കമ്പാര്‍ട്ട്‌മെന്റിലുള്ള എല്ലാവര്‍ക്കും അയാള്‍ ഇതുപോലെ പൈസ വാങ്ങി സീറ്റ്‌ കൊടുത്തതാണെന്നും മനസ്സിലായത്‌. ട്രയിന്‍ യാത്ര പുറപ്പെടാന്‍ വേണ്ടി മൂനാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക്‌ എത്തിയപ്പോഴേക്കും ആ കമ്പാര്‍ട്ട്‌മന്റ്‌ നിറഞ്ഞിരുന്നു. ട്രയിന്‍ ബാഗ്ലൂരില്‍ നിന്ന് വിട്ടപ്പോഴേക്കും ആ കമ്പാര്‍ട്ട്‌മെന്റില്‍ കാലുകുത്താന്‍ പോലും സ്ഥലം ഉണ്ടായിരുന്നില്ല.ബാഗ്ലൂരില്‍ അങ്ങനെ പലതും സംഭവിക്കും എന്ന് പലരും പറഞ്ഞിട്ടുണ്ടെങ്കിലും എനിക്ക്‌ ഇത്‌ ആദ്യത്തെ അനുഭവമായിരുന്നു.

പ്രാധമിക ആവശ്യം നിര്‍വ്വഹിക്കാന്‍ പോലും സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല എന്നതൊഴിച്ചാല്‍ മറ്റു ബുദ്ധിമുട്ടുകളൊന്നും കൂടാതെ ഞാന്‍ അങ്ങനെ നാട്ടില്‍ എത്തിപ്പെട്ടു, നടുവേദന മാറാന്‍ ഒരാഴ്ച്ച എടുത്തു എന്നു മാത്രം.

5 Comments:

At 3:19 AM, Blogger കുട്ടേട്ടന്‍ : kuttettan said...

പുതിയ പോസ്റ്റ്‌ : ക്രിസ്തുമസ്‌ അവധിയും ഒരു ട്രയിന്‍ യാത്രയും

 
At 3:27 AM, Blogger സുല്‍ |Sul said...

നാട്ടില്‍ എത്തി കൃസ്മസ് അടിച്ചു പൊളിച്ചില്ലേ. പിന്നെ തിരികെയെത്തീലെ. ദൈവ കൃപ.

എന്റെ വക തേങ്ങ ഒന്ന് ‘ഠേ........’

-സുല്‍

 
At 7:13 AM, Blogger P Das said...

:)

 
At 3:14 PM, Blogger Achoos said...

നഗരമല്ലെ, എന്തും നടക്കും. സമാന അനുഭവ്ം എനിക്കും ഉന്ണ്ടായിട്ടുണ്ടു, മദ്രാസില്‍ നിന്നും. ന്നാലും ഇത്രയും മസിലു പിടിക്കെന്ണ്ടി വന്നില്ല.

 
At 9:32 AM, Blogger krish | കൃഷ് said...

തിരിച്ചുള്ള യാത്ര സുഖമായിട്ടുണ്ടാവുമെന്നു കരുതുന്നു.
പണ്ടൊക്കെ സീസണില്‍ ഇതുപോലെ അനുഭവം ഉണ്ട്‌.

(ഓ.ടോ: എന്റെ പഴയ ഒരു പോസ്റ്റില്‍ ഇട്ട കമന്റ്‌ വൈകിയാണ്‌ കണ്ടത്‌. ആരാണ്‌ ഇവിടെ സ്കൂള്‍ നടത്തുന്നത്‌. പേരും സ്കൂളിന്റെ പേരും പറഞ്ഞാല്‍ അറിയും)

കൃഷ്‌ | krish

 

Post a Comment

<< Home