Thursday, January 11, 2007

ക്രിസ്തുമസ്‌ അവധിയും ഒരു ട്രയിന്‍ യാത്രയും

ക്രിസ്തുമസ്‌ അവധിക്ക്‌ ബാഗ്ലൂരില്‍ നിന്ന് നാട്ടില്‍ പോകാന്‍ ടിക്കറ്റിന്‌ വേണ്ടി അന്വേഷിക്കാവുന്ന എല്ലാ വഴിയിലൂടെയും അന്വേഷിച്ചെങ്കിലും ഫലം നിരാശയായിരുന്നു. 10 ദിവസം അവധി കിട്ടുന്നത്‌ കൊണ്ട്‌ (3 ദിവസത്തെ ലീവ്‌ ഉള്‍പ്പെടെ) പോകാതിരിക്കാനും കഴിഞ്ഞില്ല.

അങ്ങനെ ഞാന്‍ ആ കടുത്ത തീരുമാനത്തിലെത്തി - ട്രയിനിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ പോകുക. 11 മണിക്കൂര്‍ യാത്ര സീറ്റ്‌ കിട്ടുമോയെന്ന് ഒരു ഉറപ്പുമില്ല, എങ്കിലും ഞാന്‍ പോകാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച്ചയാണ്‌ പോകേണ്ടത്‌, അന്നാണെങ്കില്‍ കേരളത്തിലേക്ക്‌ രണ്ട്‌ ട്രയിനുകള്‍ ഉണ്ട്‌. ഒന്ന് വൈകീട്ട്‌ 5:15നും അടുത്തത്‌ രാത്രി 9:45നും.

ഒരുപാട്‌ കണക്കുകൂട്ടലിനു ശേഷം 5:15 ന്റെ വണ്ടിക്കുതന്നെ പോകാന്‍ തീരുമാനിച്ച്‌ 3:30 ന്‌ മജസ്റ്റിക്‌ റയില്‍വേ സ്റ്റേഷനില്‍ എത്തിപ്പെട്ടു. 1 മണിക്കൂര്‍ ക്യൂവില്‍ നിന്ന് ടിക്കറ്റെടുത്ത്‌ ട്രയിനിനടുത്ത്‌ ചെന്നപ്പോളേക്കും ജനറല്‍ കമ്പാര്‍ട്ടുമന്റ്‌ എല്ലാം തന്നെ നിറഞ്ഞു കവിഞ്ഞിരുന്നു.

5:15ന്റെ ട്രയിനില്‍ പോകാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ ഞാന്‍ എന്തായാലും നാട്ടില്‍ പോയേ അടങ്ങൂ എന്ന വാശിയില്‍ 9:45 ന്റെ ട്രയിനില്‍ പോകാന്‍ തീരുമാനിച്ച്‌ തിരിച്ചു നടന്നു. അപ്പോഴാണ്‌ എനിക്ക്‌ അത്‌ കത്തിയത്‌ - കന്യാകുമാരി എക്സ്പ്രസ്‌ രാവിലെ തന്നെ ബാഗ്ലൂരില്‍ എത്തുന്നതാണ്‌,അപ്പോള്‍ അത്‌ ഏതെങ്കിലും ട്രാക്കില്‍ കാണേണ്ടതാണ്‌. അങ്ങനെ ഞാന്‍ ട്രയിന്‍ കണ്ടുപിടിച്ചു. ആരും കാണാതെ ട്രയിനില്‍ കേറാം എന്ന് വിചാരിച്ച്‌ ചെന്നപ്പോള്‍ റയില്‍വേ പോലീസ്‌ എന്നെ ആ ഉദ്യമത്തില്‍ നിന്ന് പിന്‍തിരിപ്പിച്ചു. അങ്ങനെ നിരാശനായി ഞാന്‍ തിരികെ പ്ലാറ്റ്‌ഫോമില്‍ വന്നപ്പോള്‍ അവിടെയുണ്ട്‌ ത്രിശ്ശൂര്‍ പൂരത്തിനുള്ള ആളുകള്‍. അവിടെ നിന്നാല്‍ സീറ്റ്‌ കിട്ടില്ല എന്ന് മനസ്സിലാക്കിയ ഞാന്‍ വീണ്ടും ഒന്നു കൂടി ശ്രമിക്കാന്‍ തീരുമാനിച്ചു.

അപ്പോഴാണ്‌ ഞാന്‍ ആ കാഴ്ച കണ്ടത്‌, കുറേപേര്‍ ട്രയിനിനടുത്തേക്ക്‌ നടന്ന് പോകുന്നു. ആദ്യം ഒന്ന് സംശയിച്ചുനിന്നെങ്കിലും ഞാന്‍ അവരുടെ പിറകേ പോകാന്‍ തീരുമാനിച്ചു. അവര്‍ ചെന്നെത്തിയത്‌ ട്രയിനിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലാണ്‌. അകത്തുനിന്ന് ചെറിയ തോതില്‍ സംസാരം കേള്‍ക്കുന്നുണ്ടായിരുന്നു. ട്രയിനിലേക്ക്‌ കേറാനാഞ്ഞ എന്റെ നേര്‍ക്ക്‌ ഒരു കൈ നീണ്ടുവന്നു. എന്താണെന്ന് മനസ്സിലാകുന്നതിനുമുന്‍പ്‌ ആ കൈ എന്റെ ബാഗ്‌ വാങ്ങി ട്രയിനിലേക്ക്‌ വച്ചിട്ട്‌ എന്നെ ട്രയിനിലേക്ക്‌ പിടിച്ചുകയറ്റി.

വെളിച്ചമൊന്നുമില്ലാത്ത ട്രയിനില്‍ പകച്ചുനിന്ന എന്നോട്‌ ആ കൈയുടെ ഉടമ ചോദിച്ചു "എങ്ക പോണം" ഞാന്‍ പറഞ്ഞു എറണാകുളം. ഉടനെ അയാള്‍ എന്നോട്‌ പറഞ്ഞു സീറ്റ്‌ അയാള്‍ തരാം പക്ഷേ ഒരു സീറ്റിന്‌ 50 രൂപ കൊടുക്കണം. ഒന്നും മനസ്സിലാവാതെ നിന്ന എന്റെ ബാഗെടുത്ത്‌ അയാള്‍ ഒരു സീറ്റിനടിയില്‍ കൊണ്ടുവച്ചു. ഇതെല്ലാം അയാള്‍ തീപ്പെട്ടി കൊള്ളി കത്തിച്ച വെളിച്ചത്തിലാണ്‌ ചെയ്ത്തത്‌. കൈയിലിരുന്ന മൊബൈലിന്റെ വെളിച്ചത്തില്‍ എനിക്കുചുറ്റും ഏറെപ്പേര്‍ ഇരിക്കുന്നതായി ഞാന്‍ കണ്ടു, സംസാരത്തില്‍ നിന്നും അവരെല്ലാം മലയാളികളാണെന്നും മനസ്സിലായി.

20 രൂപ കൊടുത്‌ എനിക്ക്‌ സീറ്റ്‌ തരപ്പെടുത്തിയ ആളെ ഞാന്‍ ഒഴിവാക്കി. പലതവണയായി അയാള്‍ ഒരുപാടുപേരെ അങ്ങനെ കൊണ്ടുവന്നു. അപ്പോഴാണ്‌ എനിക്ക്‌ അയാള്‍ ഒരു ഏജന്റ്‌ ആണെന്നും ആ കമ്പാര്‍ട്ട്‌മെന്റിലുള്ള എല്ലാവര്‍ക്കും അയാള്‍ ഇതുപോലെ പൈസ വാങ്ങി സീറ്റ്‌ കൊടുത്തതാണെന്നും മനസ്സിലായത്‌. ട്രയിന്‍ യാത്ര പുറപ്പെടാന്‍ വേണ്ടി മൂനാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക്‌ എത്തിയപ്പോഴേക്കും ആ കമ്പാര്‍ട്ട്‌മന്റ്‌ നിറഞ്ഞിരുന്നു. ട്രയിന്‍ ബാഗ്ലൂരില്‍ നിന്ന് വിട്ടപ്പോഴേക്കും ആ കമ്പാര്‍ട്ട്‌മെന്റില്‍ കാലുകുത്താന്‍ പോലും സ്ഥലം ഉണ്ടായിരുന്നില്ല.ബാഗ്ലൂരില്‍ അങ്ങനെ പലതും സംഭവിക്കും എന്ന് പലരും പറഞ്ഞിട്ടുണ്ടെങ്കിലും എനിക്ക്‌ ഇത്‌ ആദ്യത്തെ അനുഭവമായിരുന്നു.

പ്രാധമിക ആവശ്യം നിര്‍വ്വഹിക്കാന്‍ പോലും സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല എന്നതൊഴിച്ചാല്‍ മറ്റു ബുദ്ധിമുട്ടുകളൊന്നും കൂടാതെ ഞാന്‍ അങ്ങനെ നാട്ടില്‍ എത്തിപ്പെട്ടു, നടുവേദന മാറാന്‍ ഒരാഴ്ച്ച എടുത്തു എന്നു മാത്രം.

Friday, November 10, 2006

കുംഭ ഭരണി

നായത്തോട്‌ പാലക്കാട്ടുകാവ്‌ ദേവീ ക്ഷേത്രത്തില്‍ കുംഭമാസത്തിലെ അശ്വതി, ഭരണി നാളുകള്‍ വളരെ പ്രധാനപ്പെട്ടതാണ്‌. അന്നത്തെ പ്രധാന പരിപാടികള്‍ കാവടിയും മുടിയേറ്റുമാണ്‌. മുടിയേറ്റ്‌ രാത്രി തുടങ്ങി നേരം വെളുക്കുവോളം നീണ്ടുനില്‍ക്കും.

ദാരുകനും കാളിയും തമ്മിലുള്ള പോരാണ്‌ മുടിയേറ്റിന്റെ പൊരുള്‍ കൂട്ടത്തില്‍ ഇവരെ തമ്മില്‍ വഴക്കടിപ്പിക്കാന്‍ പൂതംകുറ്റി എന്നൊരു കഥാപാത്രവുമുണ്ടാകും. പൂതംകുറ്റി മുടിയേറ്റിനിടക്ക്‌ കാണികളുടെ ഇടയിലേക്ക്‌ ഒാടിവന്ന് കുട്ടികളെ എടുത്തുകൊണ്ട്‌ പോയി പറമ്പിന്റെ മറ്റ്‌ ഏതെങ്കിലും മൂലക്ക്‌ വച്ചിട്ട്‌ പോകും. അതുകൊണ്ടുതന്നെ ഈ പൂതംകുറ്റിയെ പേടിച്ചിട്ട്‌ ഒറ്റ കുട്ടിപോലും മുടിയേറ്റ്‌ കാണാന്‍ താഴെ ഇരിക്കുകയില്ല, എല്ലാവരും ഒാടാന്‍ തയ്യാറായി നില്‍ക്കും.

വളരെ രസകരമായ ഈ മുടിയേറ്റ്‌ കാണുവാന്‍ നാട്ടിലെ ആബാലവൃ ദ്ധം ജനങ്ങളും പോകുമായിരുന്നു. ഒട്ടുമിക്ക ആളുകളും പോകുന്നത്‌ മുടിയേറ്റ്‌ കാണാനൊന്നുമായിരുന്നില്ല, മറിച്ച്‌ അവിടെ വരുന്ന ആളുകളെ കാണാനും അവരോട്‌ വിശേഷങ്ങള്‍ പറയാനുമായിരുന്നു. മുടിയേറ്റ്‌ കാണാന്‍ പോകുന്നവര്‍ കൈയില്‍ ഒരു പായയോ കുറച്ച്‌ പേപ്പറോ കരുതുമായിരുന്നു. നാട്ടുവിശേഷവും വീട്ടുവിശേഷവും പറഞ്ഞു ക്ഷീണിച്ചാല്‍ കിടന്ന് ഉറങ്ങാന്‍ വേണ്ടിയായിരുന്നു അത്‌.

അങ്ങനെ ആവര്‍ഷവും ഭരണിനാളിലെ മുടിയേറ്റ്‌ കാണാന്‍ ഞാനും എന്റെ ഒരു കൂട്ടുകാരനും കൂടി പോയി.

അങ്ങനെ കാളിയും ദാരുകനും തമ്മിലുള്ള യുദ്ധം മുറുകി. കാളി ദാരുകനെ ഒാടിച്ചുകൊണ്ട്‌ കാണികളുടെ ഇടയിലേക്ക്‌ വന്നു. ആ സമയത്ത്‌ ഏകദേശം 30-35 വയസ്സുള്ള ഒരാള്‍ ഒരു പായയും വിരിച്ച്‌ ദീപശിഖയും കൊണ്ട്‌ ഒാടുന്നവന്‍ ഓട്ടത്തിനിടക്ക്‌ ഉറങ്ങിപ്പോയാല്‍ എങ്ങനെ ഇരിക്കുമോ അതുപോലെ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. നടുക്ക്‌ വരവരച്ചിട്ട്‌ അതിന്റെ അപ്പുറവും ഇപ്പുറവും നിന്ന് വടം വലിക്കാന്‍ നില്‍ക്കുന്നവരേപ്പോലെ കാളിയും ദാരുകനും നല്ലൊരു നാളെയെ സ്വപ്നം കണ്ട്‌ കിടന്ന് ഉറങ്ങുന്ന ആ യുവാവിന്റെ ഇടവും വലവും നിന്ന് യുദ്ധം തുടങ്ങി.

അപ്പോഴേക്കും ഉറങ്ങുന്നയാളുടെ ചുറ്റിലും ഇരുന്നിരുന്നവരെല്ലാം തന്നെ ഒാടിമാറിയിരുന്നു. യുദ്ധം മുറുകിയപ്പോള്‍ കാളി ഡോള്‍ബീ ഡിജിറ്റല്‍നെ വെല്ലുന്ന രീതിയില്‍ യീീീീഹാഹാഹാ #!$^&#@#*&^ എന്ന ശബ്ദം പുറപ്പെടുവിച്ചുകൊണ്ട്‌ ദാരുകനെ ആഞ്ഞുവെട്ടി. തന്റെ ഉറക്കത്തിന്‌ തടസ്സം നേരിട്ടതിനാല്‍ കണ്ണ്‍ തുറന്ന യുവാവ്‌ ഈ രംഗം കാണുകയും ഒന്നും മനസ്സിലാവാതെ വീണ്ടും കണ്ണടക്കുകയും ചെയ്തു. കണ്ട കാഴ്ച ഒന്നുകൂടി റീ വൈന്റ്‌ അടിച്ച്‌ കണ്ടിട്ട്‌ , ജീവിച്ച്‌ കൊതി തീരാത്ത തന്നെ കൊണ്ടുപോകാന്‍ കാലന്‍ കാളിയുടെ രൂപത്തില്‍ കയറിനു പകരം വാളുംകൊണ്ട്‌ വന്നതാണോയെന്നോര്‍ത്ത്‌ നിലവിളിച്ചികൊണ്ട്‌ കിടന്നിടത്തുനിന്ന് എഴുന്നേറ്റ്‌ ഒാടി.

പോകുന്ന പോക്കില്‍ മുടിയേറ്റ്‌ കാണാന്‍ നിന്ന് രണ്ടു പേരേക്കൂടി തട്ടിയിടാന്‍ അയാള്‍ മറന്നില്ല.

Thursday, October 19, 2006

ഇടിയപ്പം ≈ ചപ്പാത്തി

ഇന്ന് രാവിലെ എന്റെ മാതാപിതാക്കള്‍ നാട്ടില്‍ നിന്നും വന്നു. രാവിലെ ചായക്ക്‌ പുട്ടും കടലയും ഉണ്ടാക്കാനാണ്‌ തീരുമാനിച്ചതെങ്കിലും അമ്മക്ക്‌ ഇടിയപ്പം ഇഷ്ടമാണ്‌ എന്നറിഞ്ഞതോടെ എന്റെ ഭാര്യ അമ്മായിയമ്മയെ കൈയ്യിലെടുക്കാന്‍ ആ മെനുവിനെ നിഷ്‌ക്കരുണം മാറ്റി ഇടിയപ്പവും കടലയുമാക്കി. എന്തായാലും തിന്നാന്‍ കിട്ടിയാല്‍ മതിയെന്ന പോളിസിയുള്ള ഞാന്‍ എതിരഭിപ്രായമൊന്നും പറയാന്‍ പോയില്ല.

അടുക്കളയില്‍ നിന്നും ഭാര്യയുടെ കുട്ടേട്ടാ ഇത്‌ ശരിയാകുന്നില്ല, ഒന്നിങ്ങു വന്നേ എന്ന വിളി കേട്ടിട്ടാണ്‌ ഞാന്‍ ബ്ലോഗ്‌ വായന നിര്‍ത്തി എഴുന്നേറ്റ്‌ അടുക്കളയിലേക്ക്‌ പോയത്‌. ഇടിയപ്പം ഉണ്ടാക്കുന്ന ഇടിയപ്പം പ്രസ്സ്‌ (ഇവിടെ) എത്ര അമര്‍ത്തിയിട്ടും അത്‌ അനങ്ങുന്നുണ്ടായിരുന്നില്ല. മാതാപിതാക്കളും ഭാര്യയുമടങ്ങുന്ന മൂവര്‍ സംഘത്തിനു മുന്‍പില്‍ എന്റെ ശക്തി തെളിയിക്കാന്‍ പറ്റിയ സമയം, ഞാന്‍ കൈയിലെ മസിലൊക്കെയൊന്ന് പെരുപ്പിച്ച്‌ ഇടിയപ്പം പ്രസ്സ്‌ കൈയില്‍ എടുത്തു. ഞാന്‍ പ്രയോഗിച്ച ശക്തിയുടെ ഫലമായി എന്റെ കണ്ണുകള്‍ പുറത്തോട്ട്‌ തള്ളിവന്നു, ശരീരമാകെ വിയര്‍ത്തു. എന്റെ ശക്തിയില്‍ പൂര്‍ണ്ണമായും വിശ്വാസമുണ്ടായിരുന്ന ഞാന്‍ ഉറപ്പിച്ചു, ഇന്നലെ ഉറക്കത്തില്‍ എന്നെ കൊതുക്‌ കടിച്ചതുകൊണ്ട്‌ എനിക്ക്‌ ചിക്കന്‍ ഗുനിയ പിടിപെട്ടെന്നും അതുകൊണ്ടാണ്‌ എന്നിലെ ശക്തി മുഴുവന്‍ ചോര്‍ന്ന് പോയതെന്നും. ഞാന്‍ പ്രയോഗിച്ച ശക്തി കൊണ്ട്‌ അപ്പോഴേക്കും ഇടിയപ്പ തട്ടിലെ കുറച്ച്‌ ഭാഗം നിറക്കുവാന്‍ എനിക്ക്‌ സാധിച്ചിരുന്നു.

ചുരുങ്ങിയത്‌ ഒരാഴ്ച്ക്കെങ്കിലും ജോലിക്ക്‌ പോകാതിരിക്കാം എന്നോര്‍ത്ത്‌ കണ്ണ്‍ തള്ളിയ ഞാന്‍ തള്ളിയ കണ്ണ്‍ ഉള്ളിലേക്ക്‌ ഇട്ടുകൊണ്ട്‌ ഇടിയപ്പ തട്ടിലേക്ക്‌ നോക്കിയപ്പൊള്‍ നേരിയ ഒരു നിറവ്യത്യാസം കണ്ടു. ഭാര്യയോട്‌ നീ അരിപ്പൊടി തന്നെയല്ലേ എടുത്തത്‌ എന്ന് ചോദിച്ചപ്പോള്‍, അവള്‍ക്കും ആ ചോദ്യം ന്യായമാണെന്ന് തോന്നി. മാവ്‌ കുഴച്ചപ്പോള്‍ പതിവിലധികം പശിമ തോന്നിയെന്നും അവള്‍ പറഞ്ഞു, പക്ഷേ എടുത്തത്‌ അരിപ്പൊടിയാണെന്നുള്ള വാദത്തില്‍ അവള്‍ ഉറച്ചു നിന്നു. സംശയനിവാരണത്തിന്‌ അരിപ്പൊടിയെടുത്ത ഞാന്‍ ഞെട്ടിപ്പോയി, കവറിനു പുറത്ത്‌ വളരെ ശക്തവും വ്യക്തവുമായി എഴുതി ഒട്ടിച്ചിരിക്കുന്നു മൈദ, 1 കെ ജി.

എന്റെ മുഖത്തെ ഞെട്ടലില്‍ നിന്ന് എന്തോ പന്തികേട്‌ തോന്നിയ ഭാര്യ കവറില്‍ എഴുതിയിരിക്കുന്നത്‌ വായിച്ചിട്ട്‌ ക്രോണിക്‌ ബാച്ചിലര്‍ എന്ന സിനിമയില്‍ ഹരിശ്രീ അശോകന്‍ പുട്ട്‌ ഉണ്ടാക്കാനായി പുട്ടുകണയില്‍ ചില്ലിടാതെ പുട്ടുപൊടി വാരിയിട്ട്‌ തീര്‍ന്നപ്പോള്‍ കാലിയായ പുട്ടുകണ കണ്ടിട്ട്‌ മുകേഷിനോട്‌ "ശ്രീക്കുട്ടാ നിനക്ക്‌ പുട്ട്‌ തന്നെ വേണമെന്നുണ്ടോ? ഉപ്പുമാവായാലും പോരേ" എന്ന് ചോദിച്ച പോലെ കുട്ടേട്ടാ ഇടിയപ്പം തന്നെ വേണമെന്നുണ്ടോ? ചപ്പാത്തിയായാലും പോരേ എന്ന് ചോദിച്ചു പോയി.

അങ്ങനെ ഇടിയപ്പത്തിന്‌ കുഴച്ച മാവ്‌ കൊണ്ട്‌ എങ്ങിനെ ചപ്പാത്തി ഉണ്ടാക്കാമെന്നും, ചപ്പാത്തിക്ക്‌ കടലക്കറി എങ്ങിനെ കോമ്പിനേഷന്‍ ആകുമെന്നും ഞങ്ങള്‍ കണ്ടുപിടിച്ചു.

Monday, September 04, 2006

തൊട്ടൂ തൊട്ടില്ല തൊട്ടൂ തൊട്ടില്ല...

ആന്റണി സര്‍ക്കാര്‍ ചാരായ നിരോധനം നടപ്പിലാക്കിയ സമയം. നായത്തോട്‌ നിവാസികള്‍ക്ക്‌ വിദേശമദ്യം കഴിക്കണമെങ്കില്‍ അങ്കമാലിക്ക്‌ തന്നെ പോകേണ്ടിയിരുന്നു.വെള്ളമടി കഴിഞ്ഞ്‌ വരുന്നവര്‍ക്ക്‌ അങ്കമാലിയില്‍ നിന്നും വീട്ടിലെത്താന്‍ രണ്ടു വഴികളാണ്‌ ഉണ്ടായിരുന്നത്‌.

ഒന്ന് - ഒാട്ടോ പിടിക്കുക (ഒാട്ടോയുടെ പിറകില്‍ ഇരുന്ന് കാലു രണ്ടും ഡ്രൈവറുടെ തലയുടെ ഇരുവശത്തുകൂടി ഇട്ടിട്ടുള്ള ആ ഇരിപ്പു കണ്ടാല്‍ രാജസിംഹാസനത്തില്‍ ഇരുന്ന രാവണനെ തോല്‍പ്പിക്കാന്‍ സ്വന്തം വാലു ചുരുട്ടി രാവണന്റെ സിംഹാസനത്തിലും ഉയരത്തില്‍ സിംഹാസനം ഉണ്ടാക്കി ഇരുന്ന ഹനുമാനെ ഓര്‍ത്തുപോകും.)

രണ്ട്‌ - അന്ന് അങ്കമാലിയില്‍ നിന്ന് കാലടിക്ക്‌ (നായത്തോടു വഴി) പോയിരുന്ന എ എച്ച്‌ കെ ബസില്‍ കയറുക. (ദിവസവും വാളു വക്കല്‍, തെറി വിളിക്കല്‍ ഓഫാവല്‍ തുടങ്ങിയ കലാപരിപാടികള്‍ ആ ബസില്‍ നടന്നിരുന്നതുകൊണ്ട്‌ ന്യായമായും ഞങ്ങള്‍ ആ ബസിനെ ചാണം വണ്ടി എന്നാണ്‌ വിളിച്ചിരുന്നത്‌. സ്ത്രീകളും കുട്ടികളും കഴിയുന്നതും ആ ബസ്‌ ഒഴിവാക്കുമായിരുന്നു.)

അന്നും പതിവുപോലെ വൈകീട്ട്‌ 6:50ന്‌ തന്നെ എ എച്ച്‌ കെ ബസ്‌ അങ്കമാലിയില്‍ ആനന്ദഭവന്‍ ഹോട്ടലിന്റെ മുന്‍പിലേക്ക്‌ വന്നുകൊണ്ടിരിക്കുകയായിരുന്നു. ആദ്യം കയറുന്നവര്‍ക്കേ സീറ്റുള്ളൂ എന്ന തത്വം മനസ്സിലാക്കിയിട്ടെന്നവണ്ണം അവിടെ നില്‍ക്കുകയായിരുന്ന രണ്ടു കുടിയന്മാരില്‍ ഒരാള്‍ ബസ്‌ നില്‍ക്കുന്നതിന്‌ മുന്‍പ്‌ തന്നെ ബസിലേക്ക്‌ ചാടിക്കയറി. അപ്പോഴും നിന്നിട്ടില്ലാത്ത ബസിന്റെ ചലനം കൊണ്ടാണോ അതോ അകത്തുള്ള മദ്യത്തിന്റെ ബലം കൊണ്ടാണോ എന്നറിയില്ല അയാള്‍ക്ക്‌ ബസിന്റെ വാതുക്കല്‍ തൂങ്ങി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.

കൈയും കാലും അകത്തും ബാക്കി ശരീരം പുറത്തും ആയി നില്‍ക്കുന്ന കുടിയനേയും കൊണ്ട്‌ ബസ്‌ പതിയെ മുന്നോട്ട്‌ നീങ്ങിക്കൊണ്ടിരിക്കുമ്പോളാണ്‌ അതു സംഭവിച്ചത്‌. ബസ്‌ സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ആട്ടോറിക്ഷയെ മറികടക്കുകയായിരുന്ന ബസില്‍ നിന്നും ഇത്തിക്കണ്ണി പോലെ പുറത്തേക്ക്‌ തള്ളി നിന്നിരുന്ന കുടിയന്‍ ആട്ടോറിക്ഷയോട്‌ അടുത്തുകൊണ്ടിരിക്കുകയായിരുന്നു. തന്റെ സ്നേഹിതന്‍ ആട്ടോറിക്ഷയില്‍ ചെന്ന് ഇടിക്കുമെന്ന് ഉറപ്പായപ്പോള്‍ സഹകുടിയന്റെ പ്രതികരണം ഇങ്ങനെയായിരുന്നു - തൊട്ടൂ തൊട്ടില്ല തൊട്ടൂ തൊട്ടില്ല.സഹകുടിയന്റെ നര്‍മ്മബോധം കേട്ടുനിന്നവര്‍ക്കൊന്നും ചിരിയടക്കാന്‍ കഴിഞ്ഞില്ല.

പിന്നാമ്പുറം : ആട്ടോറിക്ഷ ബസിനൊപ്പം മുന്‍പോട്ടു നീങ്ങി ബസ്സിലിടിച്ച്‌ ആട്ടോറിക്ഷയുടെ കണ്ണാടി പൊട്ടി.

Thursday, August 31, 2006

എടി സൂസീ ഇതു ഞാനാടീ ജോയി....

കേരളത്തിലെ ഒരു പ്രമുഖ ആതുരാലയത്തില്‍ ആണ്‌ ഞാന്‍ ജോലി ചെയ്തിരുന്നത്‌. ഈ സംഭവം നടക്കുന്നത്‌ ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌.

ആയിടക്കാണ്‌ അവിടെ ടെലിഫോണ്‍ സംവിധാനം വിപുലീകരിച്ചതും കോള്‍ വെയിറ്റിംഗ്‌ സംവിധാനം നിലവില്‍ വന്നതും. അവിടേക്കു വരുന്ന കോളുകള്‍ അറ്റന്റ്‌ ചെയ്യാന്‍ ഒരു ഒാപ്പറേറ്ററും ഉണ്ടായിരുന്നു. ആ ഒാപ്പറേറ്ററാണ്‌ സൂസി.

ഒരുദിവസം അവിടത്തെ ഡ്രൈവറായ ജോയി പുറത്തുനിന്ന് അവിടേക്ക്‌ എന്തോ അത്യാവശ്യ കാര്യം പറയാന്‍ ഫോണ്‍ ചെയ്യുകയായിരുന്നു. എല്ലാ ഫോണ്‍ ലൈനുകളും ഉപയോഗത്തിലായിരുന്നതിനാല്‍ "യു ആര്‍ ഇന്‍ ക്യു പ്ലീസ്‌ വെയിറ്റ്‌, താങ്കള്‍ ക്യൂവിലാണ്‌ ദയവായി കാത്തുനില്‍ക്കുക" എന്ന സ്ന്ദേശമാണ്‌ ജോയിക്ക്‌ കിട്ടിയത്‌. ആ സന്ദേശം ഓപ്പറേറ്റര്‍ പറയുന്നതാണെന്ന് കരുതിയ ജോയിയുടെ മറുപടി ഇങ്ങനെയായിറുന്നു "എടി സൂസീ ഇതു ഞാനാടീ ജോയി ഫോണെടുക്കെടീ"